THIS CARD IS VALID TILL 30-04-2010

നമ്മുടെയെല്ലാം ID കാര്‍ഡുകളില്‍ വ്യക്തമായി എഴുതിയിരിക്കുന്ന ഒരു കാര്യമുണ്ട്...

 
THIS CARD IS VALID TILL 30-04-2010

അതായത്..അടൂര്‍ എന്ജിനീയറിംഗ് കോളേജിന്റെ  വാതായനങ്ങള്‍ നമ്മുടെ മുന്നില്‍ എന്നേക്കുമായി അടക്കപ്പെടുന്ന, ഈ കോളേജ് നമ്മുക്ക് അന്യമാവുന്ന ദിവസം 30-04-2010...ആ ദിവസത്തിലേക്ക് ഇനി അധികദൂരമില്ല ...ആ ദിവസം, ഒരു പക്ഷെ അതിനും മുന്‍പുതന്നെ, നമ്മള്‍ പടിയിറങ്ങേണ്ടി വരും - അടൂരില്‍ നിന്ന്, നമ്മള്‍ നമ്മുടെ സ്വന്തം എന്ന്   വിശ്വസിച്ചിരുന്ന,  അഹങ്ഗരിച്ചിരുന്ന നമ്മുടെ തറവാട്ടില്‍ നിന്ന്...അന്ന് മുതല്‍  നമ്മുടെ തറവാട്  ആരുടെയെങ്കിലുമൊക്കെ   ഓര്‍മകളില്‍  മാത്രമായി  ഒതുങ്ങും ...പഴയ  " SUPPLY VILLA " തറവാടിന്റെ ചിറകുകളില്‍ ഒതുങ്ങിയതുപോലെ, നമ്മുടെ തറവാടും നാളെ മറ്റെന്തെങ്കിലുമൊക്കെയാകും...ഒരുപാട് പുതിയ മുഖങ്ങള്‍ നമ്മള്‍ നടന്നു മറഞ്ഞ വഴികളിലൂടെ യാത്ര ആരംഭിക്കും...അവരുടെതായ പുതിയൊരു ലോകത്തില്‍...


ആദ്യമൊക്കെ ഇനിയും എത്രയോ കാലം കഴിഞ്ഞു  എന്ന് വിശ്വസിച്ചിരുന്ന, പിന്നീട് കുറച്ചുകാലമായി വരും വരുമെന്ന് പറഞ്ഞിരുന്ന, ഒടുവില്‍ വന്നു കഴിഞ്ഞിരിക്കുന്ന ആ ദിവസങ്ങളുടെ സത്യത്തിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു കാര്യമുണ്ട്...നമ്മള്‍  തനിച്ചല്ല...നമുക്ക് മുന്‍പേ നടന്ന, കൂടെ നടക്കുന്ന, ഇനി നടക്കാന്‍ പോകുന്ന ഒരുകൂട്ടം ആളുകള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തില്‍ അഭിമുഖീകരിച്ച, അഭിമുഖീകരിക്കുന്ന, അഭിമുഖീകരിക്കുവാന്‍ പോകുന്ന സത്യമാണ് അത്...

വേദനിക്കുന ഒരാളെ നമുക്ക് എന്ത് പറഞ്ഞുവേനമെങ്കിലും ആശ്വസിപ്പിക്കാം... എന്നാല്‍ ആ  വേദന സ്വന്തം ജീവിതത്തിലാകുമ്പോള്‍ ... എല്ലാവരും ഒരുപോലെ  വേദനിക്കുമ്പോള്‍  അവിടെ  ആശ്വാസവാക്കുകള്‍ക്കു  എന്ത് പ്രയോജനം???

2006 ഒക്ടോബര്‍ 9-തിനു  അടൂരില്‍ കാലെടുത്തു വച്ചപ്പോള്‍ മുതല്‍ നമ്മുടെ തലയ്ക്കു  മുകളില്‍  തൂങ്ങുന്ന  ശാപമായിരുന്നു  ആ ദിവസം...അഴകിയ രാവണനില്‍ ഭാനുപ്രിയ പറയുന്ന ഒരു ടയലോഗ്  ഉണ്ട് ..." വെറുത്തു വെറുത്തു ഒടുവില്‍ കുട്ടി ശങ്കരനെ ഞാന്‍ സ്നേഹിച്ചു തുടങ്ങി " എന്ന്...ആദ്യമൊക്കെ വെറുപ്പായിരുന്ന അടൂര്‍ എന്ന നാടിനെ ഒടുവില്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോളെക്കും സമയം അല്പം കഴിഞ്ഞു പോയില്ലേ എന്നൊരു സംശയം മാത്രം ബാക്കി...കഥയില്‍ കുട്ടി ശങ്കരനും കൂട്ടുകാരിക്കും ശുഭ പര്യവസാനം  സംവിധായകന്‍  നല്‍കിയെങ്കിലും നമ്മുടെയൊക്കെ വിധി വേദനയോടെ ഈ നാടിനോട് വിട പറയാനാണ്...

18-ആമത്തെ വയസില്‍ നമ്മള്‍ അടൂരിലെത്തി...പിന്നീട് വെള്ളിയാഴ്ചകളില്‍, ഏതെങ്കിലും അവധി ദിവസങ്ങളില്‍ വീട്ടിലേക്കു പോകുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു...2 ദിവസം കഴിഞ്ഞു, അല്ലെങ്കില്‍ ഒരു ആഴ്ച കഴിഞ്ഞു വീണ്ടും തിരിച്ചു വരാമല്ലോ എന്ന്... ഒടുവില്‍ ഈ 22-ല്‍ തിരിച്ചു യാത്രയാകുമ്പോള്‍  പ്രതീക്ഷയുടെ ആ പ്രകാശവും അണഞ്ഞിരിക്കുന്നു...ഇനി ഒരു മടക്ക യാത്രയില്ല...ഇനി വന്നാല്‍ തന്നെ ഒന്നോ രണ്ടോ ദിവസങ്ങള്‍, അല്ലെങ്കില്‍ ചില  മണിക്കൂറുകള്‍...

കഴിഞ്ഞ വര്‍ഷത്തെ  ആര്‍ട്സ് ഡേയില്‍ രമേശേട്ടനും കൂട്ടുകാരുംകൂടി പറഞ്ഞ ഒരു കാര്യമുണ്ട്...അവരുടെ അവസാന ആഴ്ചയിലായിരുന്നു ആര്‍ട്സ്...

 " അളിയാ, ഈ ആഴ്ച ഒരു 2 മാസം കൂടി കഴിഞ്ഞു വന്നാല്‍ മതിയായിരുന്നു അല്ലെടാ???"

എന്നെന്നും ഓര്‍മിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ ബാക്കി വച്ചുകൊണ്ട് കാലം അതിന്റെ വഴിയെ പോകുമ്പോള്‍, ആ കാലത്തിനൊപ്പം  നാളെ നമ്മളും യാത്ര ആരംഭിക്കുമ്പോള്‍, അവനവന്റെ ജീവിതവുമായി എല്ലാവരും ഏതെങ്കിലും കോണുകളില്‍ നെട്ടോട്ടമോടുമ്പോള്‍, തനിച്ചായ ഏതെങ്കിലും ഒരു സായംകാലത്ത് ചേക്കേറാന്‍ പറന്നുപോകുന്ന ദേശാടന പക്ഷികളെയും നോക്കി വെറുതെ സമയം കളയുമ്പോള്‍, അവരുടെ ചിറകടികളുടെ അപ്പുറത്ത് കാലം പുറകിലേക്ക് കറങ്ങിതുടങ്ങുമ്പോള്‍, പൊയ് മറഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനായി മനസ് തുടിക്കുമ്പോള്‍, പുറകിലേക്കുള്ള ആ യാത്രയില്‍ എപ്പോളെങ്കിലും നമ്മുടെ തറവാടും അവിടെയുണ്ടായിരുന്ന കൂട്ടുകാരും  ഒരു  നിമിഷത്തേക്കെങ്കിലും ഓര്‍മയില്‍ തെളിഞ്ഞു തുടങ്ങിയാല്‍,  ഒരു ഫോണ്‍ കോളിന്റെ ദൂരത്തിനും അപ്പുറം ആരെങ്കലും ഇന്നും നിങ്ങളെ ഓര്‍മ്മിക്കുന്നു എന്ന് തോന്നിയാല്‍, ഈ ബ്ലോഗ്‌ ആന്നും ഇവിടെയുണ്ടെങ്കില്‍ ഒരു വാക്ക്...ഒരു വാക്കിനുള്ള സമയം അവര്‍ക്കായി നീക്കി വെയ്ക്കാന്‍ സാധിക്കുമെങ്കില്‍  30-04-2010 എന്ന അക്കങ്ങള്‍ വെറും അക്കങ്ങള്‍ മാത്രമാവും...

കണക്കിലെ കുസൃതിതരങ്ങളേക്കാള്‍ ഹൃദയത്തിനാണ്  വലിപ്പം കൂടുതലെങ്കില്‍ നമ്മുടെ കാര്‍ഡുകള്‍ ഇങ്ങനെ വായിക്കും...

" THIS CARD IS VALID FROM 30-04-2010 "

0 comments:

Post a Comment